08:13am 10 November 2026
NEWS
ഇന്ത്യൻ ടയർ കയറ്റുമതിയിൽ നേട്ടം
02/07/2025  03:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ ടയർ കയറ്റുമതിയിൽ നേട്ടം
HIGHLIGHTS

ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അരുൺ മാമ്മൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുധ് രാജ, ഇൻറോഡ് പ്രോജക്റ്റ് ചെയർമാൻ മോഹൻ കുര്യൻ എന്നിവർ സമീപം.

 2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി ₹25,000 കോടി കടന്നു

 കേരളത്തിൽ റബർ കൃഷി വ്യാപിപ്പിക്കാൻ റബർ ബോർഡുമായി ചേർന്ന് പദ്ധതി തയാറാക്കും 

കൊച്ചി, ജൂലൈ 2:   വ്യാപാരനയ അനിശ്ചിതത്വവും, ജിയോപോളിറ്റിക്കൽ വെല്ലുവിളികളും ആഗോള വിതരണ ശൃംഖലാ തടസ്സങ്ങളും ഉൾപ്പെടെയുള്ള കനത്ത  വെല്ലുവിളികൾക്കിടയിലും 2024–25 സാമ്പത്തിക വർഷത്തിൽ കയറ്റുമതിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടയർ വ്യവസായം കരുത്ത് തെളിയിച്ചുവെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) അറിയിച്ചു.

വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവരങ്ങളനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ 23,073 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ടയർ കയറ്റുമതി 9 ശതമാനം വർദ്ധിച്ച് 25,051 കോടി രൂപയിലെത്തി.

ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവും 25,000 കോടി രൂപയുടെ കയറ്റുമതിയുമായി ഇന്ത്യൻ നിർമ്മാണ മേഖലയിൽ ഉയർന്ന കയറ്റുമതി-വരുമാന അനുപാതം കാണിക്കുന്ന അപൂർവ വ്യവസായങ്ങളിൽ ഒന്നാണ്  ടയർ വ്യവസായം.

ശേഷി വർദ്ധിപ്പിക്കുന്നതിനായി തുടർച്ചയായ നിക്ഷേപങ്ങൾ, ശക്തമായ നിർമ്മാണ പ്രവർത്തനം, ലക്ഷ്യബോധത്തോടെയുള്ള  ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയാണ് കയറ്റുമതി വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. കോവിഡ്-19 കാലഘട്ടത്തിന് ശേഷം ടയർ വ്യവസായം പ്രതിരോധശേഷിയും വളർച്ചയും കാണിച്ചിട്ടുള്ളത് ശ്രദ്ധേയമാണെന്നും കഴിഞ്ഞ 3–4 വർഷത്തിനിടെ ടയർ നിർമ്മാതാക്കൾ ഏകദേശം 27,000 കോടി രൂപ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നും  ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലുള്ള അചഞ്ചലമായ വിശ്വാസമാണെന്നും ആത്മ ചെയർമാൻ അരുണ്‍ മാമ്മന്‍ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

പിഡബ്ള്യുസി വിഷൻ  ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ടയർ വ്യവസായം 2047 വരെ വാർഷികമായി ശരാശരി 11–12 ശതമാനം വളർച്ചാ നിരക്കിൽ (സിഎജിആർ) വളരാനാണ് സാധ്യത. ഉയർന്ന ആഭ്യന്തര ആവശ്യവും, വർധിച്ചുകൊണ്ടിരിക്കുന്ന കയറ്റുമതി സാധ്യതകളും, തുടർച്ചയായ സാങ്കേതിക പുരോഗതികളും ഈ ദീർഘകാല വളർച്ചക്ക് പിന്തുണയാകുന്ന പ്രധാന ഘടകങ്ങളാണ്. ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികൾ തുടരുകയാണെങ്കിലും ഇന്ത്യൻ ടയർ വ്യവസായം ശക്തമായി നിലനിൽക്കുന്ന  മേഖലയാണ്. ആഭ്യന്തര വിപണി വൻതോതിൽ വളരുന്ന സാഹചര്യത്തിൽ, ആഗോള ആഘാതങ്ങളെ നേരിടാൻ ഇന്ത്യൻ ടയർ വ്യവസായം പ്രതിരോധ ശേഷിയുള്ളവരാണെന്നും മാമ്മൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടയറുകൾ 170ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. യുഎസ്, യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ  തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് ഇന്ത്യൻ ടയറുകൾക്ക്  ഉള്ളത്.

കയറ്റുമതിമൂല്യത്തിൽ 17 ശതമാനത്തോടെ അമേരിക്കയാണ്  ഇന്ത്യയുടെ ഏറ്റവും വലിയ ടയർ കയറ്റുമതി കേന്ദ്രം. ജർമനി (6%), ബ്രസീൽ (5%), യുഎഇ (4%), ഫ്രാൻസ് (4%) എന്നിങ്ങനെയാണ് പ്രധാന വിപണി.

വിഭാഗം അടിസ്ഥാനമാക്കിയാൽ, ഫാം/കൃഷി ഉപയോഗ ടയറുകളും ഓഫ്-ദ-റോഡ് ടയറുകളും കയറ്റുമതി മൂല്യത്തിൽ ഏകദേശം 60 ശതമാനം പങ്ക് വഹിക്കുന്നു.

യുഎസിലെ ടാരിഫുകളെ കുറിച്ച് വ്യവസായം അതീവ ശ്രദ്ധയോടെയാണ് സമീപിക്കുന്നതെന്നും ന്യായമായ വ്യാപാരശീലങ്ങൾക്കും എല്ലാ കമ്പനികൾക്കും തുല്യമായ വിപണി  ഉറപ്പാക്കുന്ന സാഹചര്യങ്ങൾക്കും ആത്മ ശക്തമായി പിന്തുണ നൽകുന്നുവെന്നും അരുൺ മാമ്മൻ പറഞ്ഞു. അതേസമയം, കയറ്റുമതി വിപണികൾ വൈവിധ്യമാർന്നതാക്കുന്നതിനും സ്ഥിരമായ വളർച്ച നിലനിർത്തുന്നതിനും ഇന്ത്യൻ ടയർ വ്യവസായം പ്രതിജ്ഞാബദ്ധമാണ്, അരുൺ മാമ്മൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടയർ കമ്പനികളുടെ അന്താരാഷ്ട്ര സാന്നിധ്യവും ശക്തമായിട്ടുണ്ട്. അപോളോ ടയേഴ്‌സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് തുടങ്ങിയ കമ്പനികൾ ബ്രാൻഡ് ഫിനാൻസ് പുതിയതായി പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിൽ ആദ്യ പതിനഞ്ചിൽ  ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആഗോള വിപണികളിൽ ഇന്ത്യയുടെ വളരുന്ന സ്വാധീനത്തെയും പ്രാധാന്യത്തെയുമാണ് തെളിയിക്കുന്നത്.

മത്സരക്ഷമമായ വിലനിർണയം, മികച്ച ഗുണനിലവാരം, ബ്രാൻഡിംഗ് ശ്രമങ്ങൾ, അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളുമായും നിലവാരങ്ങളുമായും ചേർന്ന് നിൽക്കൽ  എന്നിവയിലൂടെ ടയർ കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. എങ്കിലും, ഉൽപ്പാദനവും കയറ്റുമതിയും കൂടുതൽ ഉയർത്താൻ ആവശ്യമായ സ്വാഭാവിക   റബ്ബറിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നത് നിർണായകമാണ്.

ഇപ്പോൾ, വ്യവസായത്തിന് ആവശ്യമായ സ്വാഭാവിക  റബ്ബറിന്റെ (എൻ ആർ) ഏകദേശം 40% വും,  ആഭ്യന്തര വിപണിയിലെ ലഭ്യത കുറവ് മൂലം  ഇറക്കുമതിയിലൂടെയാണ്  പരിഹരിക്കപ്പെടുന്നത്. ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന സ്വാഭാവിക  റബ്ബറിന്റെ ഭൂരിഭാഗവും ആഭ്യന്തര ഉപഭോക്താക്കൾക്ക് വിതരണം ചെയ്യപ്പെടുന്നു. അതിനാൽ കയറ്റുമതിക്കായി ലഭിക്കുന്നത് വളരെ കുറവാണ്.

ഈ കുറവ് നികത്താൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം ടയർ വ്യവസായം ഇന്ത്യൻ റബ്ബർ ബോർഡുമായി ചേർന്ന് പ്രോജക്ട് ഇൻറോഡ് ആരംഭിച്ചിട്ടുണ്ട്. ആത്മയിലെ നാല് പ്രമുഖ അംഗ കമ്പനികളിൽ നിന്നും ലഭിക്കുന്ന 1,100 കോടി രൂപയുടെ പിന്തുണയോടെ,  2 ലക്ഷം ഹെക്ടറിൽ  സ്വാഭാവിക   റബ്ബർ കൃഷി  പ്രോത്സാഹിപ്പിക്കുകയും റബർ കൃഷിക്ക് അനുയോജ്യമായ ഇടങ്ങളിൽ   അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ പിന്തുണയും നൽകുകയും ചെയ്യും.

2030-ഓടെ 20 ലക്ഷം ടൺ സ്വാഭാവിക റബർ ആവശ്യമായി വരും. സുസ്‌ഥിരമായ സ്വാഭാവിക റബറിനെ ആശ്രയിച്ചാണ് ഇന്ത്യൻ ടയർ കമ്പനികളുടെ നിലനിൽപ്. ലോകവ്യാപകമായി സിന്തറ്റിക് റബ്ബർ ടയർ ഉപയോഗം  60% ആണെങ്കിലും, ഇന്ത്യയിൽ ഉപയോഗിക്കുന്നത്  60%വും  സ്വാഭാവിക റബ്ബറാണ്.

ഇന്റർനാഷണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പ് (ഐ ആർ എസ് ജി) റിപ്പോർട്ടുകൾ പ്രകാരം, 2020 മുതൽ 2024 വരെ, സ്വാഭാവിക   റബ്ബർ ഉപയോഗ, ഉത്പാദക രാജ്യങ്ങളിൽ, ഇന്ത്യ 6.15%  വാർഷിക സംയുക്ത വളർച്ച നിരക്ക് നേടിയിട്ടുണ്ട്. വർധിച്ചു വരുന്ന ആവശ്യകത നേരിടാൻ ആഭ്യന്തര സ്വാഭാവിക റബർ ഉത്പാദനം വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്നും അരുൺ മാമ്മൻ ചൂണ്ടിക്കാട്ടി.

ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുധ് രാജ, ഇൻറോഡ് പ്രോജക്റ്റ് ചെയർമാൻ മോഹൻ കുര്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img